ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം


കാര്‍ഷിക ചരിത്രം
ഭൂപ്രദേശങ്ങള്‍ മുഴുവന്‍ കുറ്റിപ്പുറം, ആയഞ്ചേരി, പുറമേരി കോവിലകങ്ങളുടെ അധീനതയിലായിരുന്നു. നാട്ടുപ്രമാണിമാരായ കൃഷിക്കാര്‍ കോവിലകത്ത് നിന്നും ഭൂമി സമ്മതിച്ചു വാങ്ങുകയും, അവിടെ മറ്റുള്ളവരെ കൊണ്ട് കൃഷി നടത്തിവരികയുമായിരുന്നു. കുടിയാന്മാരില്‍ നിന്നും പാട്ടം ശേഖരിക്കുകയും ഇതിലൊരു വിഹിതം പുറപ്പാടായി കോവിലകത്തെത്തിക്കുകയും ചെയ്തിരുന്നു. കോവിലകത്ത് നിന്നും ജന്മാവകാശം ലഭിച്ചിട്ടില്ലാത്ത കൃഷിക്കാരില്‍ നിന്നും പാട്ടാളികള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നവരാണ് പാട്ടം, വാരം എന്നിവ പിരിച്ചെടുത്തിരുന്നത്. കുടിയാന്മാര്‍ക്ക് ഭൂമിയില്‍ കുഴികൂറുകള്‍ക്ക് യാതൊരു വിധ അവകാശങ്ങളും ഉണ്ടായിരുന്നില്ല. ജന്മിമാര്‍ക്ക് കൃഷിക്കാരുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിരുന്ന നടപടിയായിരുന്നു ചാര്‍ത്ത്-പൊളിച്ച്, ചാര്‍ത്ത്- മേല്‍ച്ചാര്‍ത്ത് എന്നിവ. നിലവിലുള്ള കൃഷിക്കാരന് തന്നെ 12 വര്‍ഷത്തിന് ശേഷം വീണ്ടും കൃഷി ചെയ്യാന്‍ നല്‍കുന്ന നടപടിയാണ് പൊളിച്ച് ചാര്‍ത്ത്. എന്നാല്‍ വര്‍ഷങ്ങളോളം ഒരു കൃഷിക്കാരന്‍ ദേഹദണ്ഡം ചെയ്ത് ഉണ്ടാക്കിയ സകലതും മറ്റൊരാള്‍ക്ക് കൊടുക്കുന്നതാണ് മേല്‍ച്ചാര്‍ത്ത്. നാല്പതുകളില്‍ തെക്കന്‍ മേഖലയില്‍ നിന്നുള്ള കുടിയേറ്റം ആരംഭിച്ചതോടു കൂടി കാര്‍ഷിക രംഗത്ത് ശാസ്ത്രീയമായ കൃഷിസമ്പ്രദായങ്ങള്‍ക്ക് അടിത്തറ പാകി. കിഴക്കന്‍ മേഖലകളിലേക്ക് കൂടുതലായി തെങ്ങ് കൃഷി വ്യാപിക്കുകയും കുരുമുളക് കൃഷിയില്‍,  പുതിയ ഇനങ്ങള്‍ കൂടി വ്യാപകമായ തോതില്‍ പുരയിടങ്ങളിലും, മലയോര പ്രദേശങ്ങളിലും കൃഷി ചെയ്യാന്‍ തുടങ്ങി. മലയോര പ്രദേശങ്ങളില്‍ ചെറിയ തോതിലാണെങ്കിലും റബ്ബര്‍ കൃഷി ഇക്കാലത്താണ് ആരംഭിക്കുന്നത്. കപ്പകൃഷി വ്യാപകമാവുന്നതും ഈ കാലത്തു തന്നെ. വീട്ടുവളപ്പിലും മറ്റ് കൃഷിയിടങ്ങളിലും ഇടവിളകളായി ചേമ്പ്, ചേന, മുത്താറി, ചേന, കണ്ടിക്കിഴങ്ങ്, പയര്‍, ഉഴുന്ന്, പടുവാഴ, നേന്ത്രവാഴ എന്നിവയും സാമാന്യം നല്ലതോതില്‍ തന്നെ കൃഷി ചെയ്തിരുന്നു. ഗ്രാമത്തിലെ ജനങ്ങള്‍ക്കാവശ്യമായ കപ്പയും, പഴങ്ങളും പച്ചക്കറികളും ഇവിടെത്തന്നെ ഉത്പാദിപ്പിക്കപ്പെട്ടിരുന്നു. സ്വന്തമായി വയലുകളില്ലാത്തവര്‍ പോലും അന്യരുടെ വയലുകളില്‍ വെള്ളരി കൃഷി ചെയ്ത് വിളവെടുക്കുകയെന്നത് അടുത്ത കാലം വരെ വ്യാപകമായിരുന്നു. കൃഷിക്കാര്‍ക്ക് മൂന്നുകൊല്ലത്തേക്ക് തരിശുഭൂമികള്‍ കൃഷി ചെയ്യാനായി അനുവദിച്ചുകൊടുക്കാറുണ്ടായിരുന്നു. ഇങ്ങനെ സമ്മതിച്ചു വാങ്ങുന്ന ഭൂമിയില്‍ കപ്പയും വാഴയുമായിരുന്നു കൂടുതലും കൃഷി ചെയ്യുക. മൂന്നു കൊല്ലം കൊണ്ട് തരിശായി കിടന്നിരുന്ന ഭൂമി തട്ടുകളായി തിരിച്ച്, ഇടക്കൊള്ളുകള്‍ നിര്‍മ്മിച്ച് തെങ്ങുകൃഷി ചെയ്യാവുന്ന പരുവത്തിലായി മാറും. 1950-കളിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ മുന്നറ്റത്തോടു കൂടി വളേലായി മലയിലെ തൊള്ളായിരത്തോളം ഏക്കര്‍ ഭൂമി ഭൂരഹിതരായ കൃഷിക്കാര്‍ കൈവശപ്പെടുത്തി കൃഷിയാരംഭിച്ചു. ഭൂരഹിതരായ കൃഷിക്കാരില്‍ ഈ സംഭവം വമ്പിച്ച ഉണര്‍വ്വും ആവേശവുമുണ്ടാക്കി. ഈ ഭൂമിയില്‍ വ്യാപകമായി കൃഷി ആരംഭിച്ചതോടു കൂടി കപ്പ, നേന്ത്രക്കുല തുടങ്ങിയ കാര്‍ഷികവിളകള്‍ അത്ഭുതപൂര്‍വ്വമായ തോതില്‍ വര്‍ദ്ധിക്കാനിടയാക്കി. ഒരു ഘട്ടത്തില്‍ ആവശ്യത്തിലുമധികമായ കപ്പ ഉത്പാദനം ഉണ്ടായപ്പോള്‍ ആ വര്‍ഷം വിളവെടുക്കാതെ ബോഡ കിഴങ്ങെന്ന പേരോടു കൂടി പിന്നീടുള്ള വര്‍ഷങ്ങളില്‍ പറിച്ചെടുത്ത സ്ഥിതി വരെ സംജാതമായി.

വിദ്യാഭ്യാസ ചരിത്രം
ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഗുരുക്കന്മാരുടെ കീഴില്‍ നടത്തിവന്നിരുന്ന എഴുത്തുപള്ളികള്‍ മുഖേനയാണ് ആദ്യകാല വിദ്യാഭ്യാസം ഈ ഗ്രാമത്തില്‍ ലഭ്യമാവാന്‍  തുടങ്ങിയത്. തെക്കേ മലബാറില്‍ നിന്നും വന്ന ഗോപാലന്‍ ഗുരുക്കള്‍, ചമ്പനാട് സ്വദേശിയായ പൂവാടന്‍ അനന്തന്‍ ഗുരുക്കള്‍, ഗോവിന്ദന്‍ ഗുരുക്കള്‍ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാര്‍. മാവുള്ളതില്‍ കുഞ്ഞമ്പു പണിക്കര്‍, തൊവര വീട്ടില്‍ കോരന്‍ ഗുരുക്കള്‍, കളരിക്കല്‍ രാമന്‍ ഗുരുക്കള്‍  തുടങ്ങിയവര്‍ നാട്ടുകാരായ ഗുരുക്കന്മാരായിരുന്നു. ചെക്കോറ്റ, അരയാക്കണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഗുരുക്കന്മാര്‍ നടത്തിവന്നിരുന്ന എഴുത്തുപള്ളികള്‍ പ്രവര്‍ത്തിച്ചിരുന്നു. പുറംനാട്ടുകാരായ ഗുരുക്കന്മാര്‍ താമസിച്ചുവന്ന വീടുകളില്‍ വെച്ചും വിദ്യാഭ്യാസം നല്‍കി വന്നിരുന്നു. അക്ഷരമാലക്കു പുറമെ അമരകോശം, മണിപ്രവാളം, രൂപം, കാവ്യം തുടങ്ങിയവയും ഇവര്‍ പഠിപ്പിച്ചിരുന്നു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്കു മാത്രമേ ഈ സൌകര്യം തുടക്കത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നൂള്ളൂ. നാട്ടുകാരായ ഗുരുക്കന്മാരുടെ അംഗസംഖ്യ വര്‍ദ്ധിച്ചതോടെ തല്പരരായ മറ്റുവിഭാഗം ആളുകള്‍ക്കും വിദ്യാഭ്യാസം ലഭിച്ചു തുടങ്ങി. ആദ്യകാലത്തെ ഈ വിദ്യാലയങ്ങളില്‍ അയിത്തം നിലനിന്നിരുന്നു. ജാതിവ്യത്യാസം അനുസരിച്ച് കുട്ടികള്‍ക്ക് പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങള്‍ തന്നെ ഉണ്ടായിരുന്നു. സവര്‍ണ്ണരായ അദ്ധ്യാപകര്‍ താണജാതിയില്‍പ്പെട്ട കുട്ടികളെ വടി കയ്യില്‍ പിടിച്ച് അടിക്കുന്നതിനുപകരം എറിഞ്ഞ് അടിക്കലായിരുന്നു പതിവ്. സവര്‍ണ്ണരായ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ അയിത്തകുറ്റികള്‍ സ്ഥാപിച്ചിരുന്നു. പള്ളിക്കൂടം വിട്ടുവന്നാല്‍ വസ്ത്രങ്ങള്‍ കുറ്റിയില്‍ അഴിച്ചുവെച്ച് കുളികഴിഞ്ഞതിന് ശേഷം മാത്രമേ വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ഗ്രാമത്തില്‍ ആദ്യം നിലവില്‍ വന്ന എല്‍.പി.സ്കൂള്‍ ഇന്നത്തെ വളയം യു.പി.സ്കൂളാണ്. ചെറുമോത്ത് ഹയര്‍ എലിമെന്ററി സ്കൂളിലായിരുന്നു ഇ.എസ്.എല്‍.സി.വരെ പഠിക്കുവാനുള്ള സൌകര്യമുണ്ടായിരുന്നത്. ഗ്രാമത്തില്‍ ആദ്യമായി  ഹൈസ്കൂള്‍ നിലവില്‍ വന്നത് 1957-ല്‍ ഇം.എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള മന്ത്രിസഭയുടെ കാലത്താണ്. ഇതേ കാലയളവില്‍ തന്നെയാണ് വളയം എല്‍.പി.സ്കൂള്‍ യു.പി സ്കൂളായി ഉയര്‍ത്തിയതും പൂവംവയല്‍, ചാല്യാട്ടുപൊയില്‍ എന്നിവിടങ്ങളില്‍ എല്‍.പി.സ്കൂളുകള്‍ നിലവില്‍ വരുന്നതും. ഇതോടുകൂടി വിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിച്ചു. 1982-ലാണ് ചുഴലിയില്‍ സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍ ആരംഭിച്ചത്. 1991-ല്‍ വളയം ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1957-ല്‍ സി.എച്ച്.കണാരന്‍ നാദാപുരം നിയോജകമണ്ഡലം എം.എല്‍.എ ആയിരുന്നപ്പോള്‍, ഈ ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കുളങ്ങരവീട് കടവിന് പാലവും, സാര്‍വ്വത്രികമായി വിദ്യാഭ്യാസം ലഭിക്കാനിടയാക്കിയ വളയം ഹൈസ്കൂള്‍, വളയം യു.പി.സ്കൂള്‍, ചാല്യാട്ടുപൊയില്‍ നാഷണല്‍ എല്‍.പി.സ്കൂള്‍, പൂവംവയല്‍ എല്‍.പി.സ്കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തു.  വളയം, വാണിമല്‍, ചെക്യാട് പഞ്ചായത്തുകളിലെ ആദിവാസികളടക്കമുള്ള ജനങ്ങള്‍ക്ക് വൈദ്യശുശ്രൂഷാരംഗത്ത് ഏക ആശ്രയമായ വളയം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിച്ചതും അദ്ദേഹമാണ്്. അക്കാലത്ത് അലോപ്പതി ചികിത്സ ലഭിക്കണമെങ്കില്‍ തലശ്ശേരി, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ എത്തണമായിരുന്നു. അക്കാലത്തെ പാരമ്പര്യ വൈദ്യന്മാരില്‍ പ്രമുഖര്‍ രയരോത്ത് ഒതേനന്‍ വൈദ്യര്‍, ആലായില്‍ ശങ്കരന്‍ വൈദ്യര്‍, ഓഞ്ഞേന്റവിട കൃഷ്ണന്‍ വൈദ്യര്‍, ചൂളായില്‍ കുമാരന്‍ വൈദ്യര്‍ എന്നിവരായിരുന്നു. അപൂര്‍വ്വമായി മാത്രം ഉണ്ടായിരുന്ന വൈദ്യശാലകളിലും വൈദ്യന്മാരുടെ വീടുകളിലുമായിരുന്നു ചികിത്സ. 1957-ല്‍ ഇവിടെ ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചു.

പ്രാദേശിക സാംസ്കാരിക വികസന ചരിത്രം
നാല്പതുകളില്‍, കുറ്റിക്കാട്ടില്‍ ശ്രീനാരായണഗുരു സ്മാരക വായനശാല സ്ഥാപിക്കപ്പെട്ടു. വള്ള്യാട്, ആയോട്, കണ്ടിവാതുക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആദിവാസികളായ കുറിച്ച്യ വിഭാഗത്തില്‍പ്പെട്ടവര്‍ താമസിച്ചു വരുന്നു. അഞ്ഞൂറില്‍പരം വര്‍ഷങ്ങളുടെ സംസ്കൃതിയാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇവരുടെ പൂര്‍വ്വികരില്‍ ചിലര്‍ പഴശ്ശി രാജാവിന്റെ സേനാനികളായിരുന്നുവെന്ന് അവകാശപ്പെടുന്നു. അടൂര്‍ കാവിനോടു ചേര്‍ന്ന പ്രദേശമാണ് ഇവരുടെ പൂര്‍വ്വികരുടെ വാസസ്ഥലം. ഈ ക്ഷേത്രത്തില്‍ അകത്തൂട്ട് എന്ന പേരില്‍ നരബലി നടത്തിയിരുന്നതായും പറയപ്പെടുന്നു. വര്‍ഷം തോറും പുതിയ പുതിയ കൃഷിയിടങ്ങള്‍ തേടിപ്പോകുന്ന സ്വഭാവക്കാരായ ഇവരുടെ പൂര്‍വ്വികര്‍ സ്ഥിര താമസമാക്കിയ പ്രദേശമായിരിക്കണം വള്ള്യാട്, ആയോട്, കണ്ടിവാതുക്കല്‍ തുടങ്ങിയ പ്രദേശങ്ങള്‍. പുനംകൃഷിയില്‍ പ്രാവീണ്യം നേടിയിരുന്ന ഇവര്‍ നെല്‍കൃഷിക്കു  പുറമേ മുത്താറി, ചാമ, കുമ്പളം, കക്കിരി, വെള്ളരി തുടങ്ങിയവയും ധാരാളമായി കൃഷി ചെയ്തിരുന്നു. പുരുഷന്മാര്‍ നായാട്ടിലും, സ്ത്രീകളും കുട്ടികളും മീന്‍പിടുത്തത്തിലും പ്രത്യേക പ്രാവീണ്യം നേടിയിരുന്നു. ആദ്യകാലങ്ങളില്‍ ഭക്ഷണ സമ്പാദനത്തിന് മുഖ്യ ഉപാധി തന്നെയായിരുന്നു നായാട്ട്. പ്രധാനപ്പെട്ട ആയുധം അമ്പും വില്ലും ആയിരുന്നു. പില്‍ക്കാലത്ത് തോക്കും ഉപയോഗിച്ചുതുടങ്ങി. സമീപകാലത്തുവരെ അവരുടെ വിശേഷദിവസങ്ങളില്‍ നായാട്ട് നിര്‍ബന്ധമായിരുന്നു. ഗോത്രത്തലവന്റെ അനുമതിയും ഇതിനുവേണമായിരുന്നു. മാംസവും മദ്യവും ഉള്‍പ്പെടെ പിതൃക്കള്‍ക്കായി നൈവേദ്യം വയ്ക്കുന്ന സമ്പ്രദായവും ഇവരുടെ ഇടയില്‍ സാധാരണമായിരുന്നു. അമ്മാവന്‍ കാണിച്ചുകൊടുക്കുന്ന പെണ്ണിനെത്തന്നെ ചെറുക്കന്‍ കല്യാണം കഴിക്കണമായിരുന്നുവെങ്കിലും സ്വര്‍ണ്ണത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നില്ല. എന്നാല്‍ വധുവിന് വെള്ളി അരഞ്ഞാണം നിര്‍ബന്ധമായിരുന്നു. വിവാഹാനന്തരം വധൂവരന്മാര്‍ ഒരു വര്‍ഷക്കാലം വധുവിന്റെ വീട്ടില്‍ താമസിച്ച് ജോലി ചെയ്യണമായിരുന്നു.  വിവാഹച്ചടങ്ങിനു പോകുമ്പോള്‍  വരന്റെ കയ്യില്‍ അമ്പും വില്ലും ഉണ്ടാകണം. ഏതു പ്രധാന പ്രവൃത്തിയും തുടങ്ങും മുന്‍പേ  മുത്തപ്പന്‍, കുട്ടപ്പോതി, നെഗല്‍ എന്നിവയെ സ്മരിച്ചുകൊണ്ട് കലശം വെയ്ക്കുകയെന്ന സമ്പ്രദായവും ഉണ്ടായിരുന്നു. സമ്പാദ്യം അടുത്ത തലമുറക്ക് കൈമാറാതെ ആരും കാണാത്ത രൂപത്തില്‍ കുഴിച്ചിടുകയായിരുന്നു. രോഗശാന്തിക്കായി പച്ചമരുന്നുകള്‍ തന്നെ ഉപയോഗിക്കുകയും ഇതിനായി നിയോഗിക്കപ്പെട്ട ആള്‍, വയ്യാതാകുമ്പോള്‍  വിശ്വാസമുള്ള മറ്റൊരാള്‍ക്ക് ഈ അറിവ് കൈമാറുകയായിരുന്നു പതിവ്. അയിത്തം വളരെ കര്‍ക്കശമായി തുടര്‍ന്നുപോന്ന ഇവര്‍ മറ്റുള്ളവരെ വീട് സ്പര്‍ശിക്കുവാന്‍ പോലും അനുവദിച്ചിരുന്നില്ല. കളവുപറയുന്നവരും കള്ളം ചെയ്യുന്നവരും വിരളമായിരുന്നു. മാന്‍പാട്ട്, നരിപ്പാട്ട്, കൂമന്‍പ്പാട്ട് തുടങ്ങിയവ ആദിവാസികളുടെ മികച്ച കലാരൂപമായിരുന്നു. ഗ്രാമത്തിലെ വീടുകള്‍ മുഴുവന്‍ ഓലമേഞ്ഞതായിരുന്നു. വെട്ടുകല്ലുകൊണ്ട് നിര്‍മ്മിച്ച വീടുകള്‍ അപൂര്‍വ്വമായിരുന്നു. ഭൂരിപക്ഷവും ചെറ്റപ്പുരകളും കട്ടപ്പുരകളും ആയിരുന്നു. പരദേവതാ ക്ഷേത്രപരിസരത്തുണ്ടായിരുന്നതും നാല്‍പ്പതുകളില്‍ പൊളിച്ചുമാറ്റുകയും ചെയ്ത കൊട്ടാരമായിരുന്നു ഗ്രാമത്തിലെ ആദ്യത്തെ ഓടുമേഞ്ഞ വീട്. മഴക്കാലമായാല്‍ ഒറ്റപ്പെട്ടു നില്‍ക്കുകയായിരുന്നു നാല്പതു വരെ ഈ ഗ്രാമം. റോഡുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. കുളങ്ങരവീട് കടവില്‍ കടത്തുതോണി ഉപയോഗിച്ചായിരുന്നു അടുത്ത വാണിജ്യ കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നത്. കൊപ്ര വില്‍ക്കുന്നതിനായി ചെറിയ മയ്യണ്ണൂര്‍, പുതിയങ്ങായി, ഓര്‍ക്കാട്ടേരി, വടകര തുടങ്ങിയ സ്ഥലങ്ങളിലേക്ക് കാവ് ചുമന്നു പോകുകയായിരുന്നു പതിവ്. അടൂര്‍കാവ് മുതല്‍ കുറുങ്ങോട്ടുകുന്നുവരെയും കല്ലാച്ചി മുതല്‍ ചുഴലി വരെയും ചെമ്മണ്ണുറോഡുകള്‍ ഉണ്ടായിരുന്നു. ക്രമേണ വേനല്‍ക്കാലത്ത് കാളവണ്ടികള്‍ രംഗത്തുവന്നു. അമ്പതോടുകൂടിയാണ് മോട്ടോര്‍ വാഹനം ഗ്രാമത്തിലെത്തുന്നത്. 1968-ല്‍ ബസ് സര്‍വ്വീസും ആരംഭിച്ചു. 1958-ല്‍ കുളങ്ങരവീട് കടവില്‍ പാലം അനുവദിക്കപ്പെട്ടതോടെയാണ് വളയം ഗ്രാമത്തില്‍ വാഹനഗതാഗതത്തിന് വഴി തുറക്കപ്പെട്ടത്. ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ ജില്ലയിലെ പ്രധാന പട്ടണങ്ങളുമായി ബന്ധപ്പെടുന്നത് വളയം-കല്ലാച്ചി റോഡ് വഴിയാണ്. 1958-ല്‍ കുളങ്ങരവീട് കടവില്‍ പാലം വന്നതോടു കൂടിയാണ് വാഹനഗതാഗതം വ്യാപകമാവുന്നത്. 1968-ല്‍ ആണ് ആദ്യമായി ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്. ഇതു വടകര നിരവ് റൂട്ടിലായിരുന്നു.