കോഴിക്കോട് ജില്ല
വളയത്തിൻ്റെ ചരിത്രവും സംസ്കാരവും

വളയം ഗ്രാമപഞ്ചായത്ത്

ചരിത്രം 

കാർഷിക പാരമ്പര്യവും വിദ്യാഭ്യാസ മുന്നേറ്റങ്ങളും സമ്പന്നമായ ഗോത്രസംസ്കൃതിയും സാമൂഹിക വികസനവും ഇഴചേർന്ന വളയം ഗ്രാമത്തിന്റെ ചരിത്രം.

കാർഷിക ചരിത്രം

ഭൂപ്രദേശങ്ങൾ മുഴുവൻ കുറ്റിപ്പുറം, ആയഞ്ചേരി, പുറമേരി കോവിലകങ്ങളുടെ അധീനതയിലായിരുന്നു. നാട്ടുപ്രമാണിമാരായ കൃഷിക്കാർ കോവിലകത്ത് നിന്നും ഭൂമി സമ്മതിച്ചു വാങ്ങുകയും, അവിടെ മറ്റുള്ളവരെ കൊണ്ട് കൃഷി നടത്തിവരികയുമായിരുന്നു. കുടിയാന്മാരിൽ നിന്നും പാട്ടം ശേഖരിക്കുകയും ഇതിലൊരു വിഹിതം പുറപ്പാടായി കോവിലകത്തെത്തിക്കുകയും ചെയ്തിരുന്നു.

കോവിലകത്ത് നിന്നും ജന്മാവകാശം ലഭിച്ചിട്ടില്ലാത്ത കൃഷിക്കാരിൽ നിന്നും പാട്ടാളികൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നവരാണ് പാട്ടം, വാരം എന്നിവ പിരിച്ചെടുത്തിരുന്നത്. കുടിയാന്മാർക്ക് ഭൂമിയിൽ കുഴികൂറുകൾക്ക് യാതൊരു വിധ അവകാശങ്ങളും ഉണ്ടായിരുന്നില്ല. ജന്മിമാർക്ക് കൃഷിക്കാരുടെ മേൽ ആധിപത്യം പുലർത്താൻ കഴിഞ്ഞിരുന്ന നടപടിയായിരുന്നു ചാർത്ത്-പൊളിച്ച്, ചാർത്ത്-മേൽച്ചാർത്ത് എന്നിവ.

നിലവിലുള്ള കൃഷിക്കാരന് തന്നെ 12 വർഷത്തിന് ശേഷം വീണ്ടും കൃഷി ചെയ്യാൻ നൽകുന്ന നടപടിയാണ് പൊളിച്ച് ചാർത്ത്. എന്നാൽ വർഷങ്ങളോളം ഒരു കൃഷിക്കാരൻ ദേഹദണ്ഡം ചെയ്ത് ഉണ്ടാക്കിയ സകലതും മറ്റൊരാൾക്ക് കൊടുക്കുന്നതാണ് മേൽച്ചാർത്ത്.

നാല്പതുകളിൽ തെക്കൻ മേഖലയിൽ നിന്നുള്ള കുടിയേറ്റം ആരംഭിച്ചതോടു കൂടി കാർഷിക രംഗത്ത് ശാസ്ത്രീയമായ കൃഷിസമ്പ്രദായങ്ങൾക്ക് അടിത്തറ പാകി. കിഴക്കൻ മേഖലകളിലേക്ക് കൂടുതലായി തെങ്ങ് കൃഷി വ്യാപിക്കുകയും കുരുമുളക് കൃഷിയിൽ പുതിയ ഇനങ്ങൾ കൂടി വ്യാപകമായ തോതിൽ പുരയിടങ്ങളിലും മലയോര പ്രദേശങ്ങളിലും കൃഷി ചെയ്യാൻ തുടങ്ങുകയും ചെയ്തു.

മലയോര പ്രദേശങ്ങളിൽ ചെറിയ തോതിലാണെങ്കിലും റബ്ബർ കൃഷി ഇക്കാലത്താണ് ആരംഭിക്കുന്നത്. കപ്പകൃഷി വ്യാപകമാവുന്നതും ഈ കാലത്തു തന്നെ. വീട്ടുവളപ്പിലും മറ്റ് കൃഷിയിടങ്ങളിലും ഇടവിളകളായി ചേമ്പ്, ചേന, മുത്താറി, ചേന, കണ്ടിക്കിഴങ്ങ്, പയർ, ഉഴുന്ന്, പടുവാഴ, നേന്ത്രവാഴ എന്നിവയും സാമാന്യം നല്ല തോതിൽ തന്നെ കൃഷി ചെയ്തിരുന്നു.

ഗ്രാമത്തിലെ ജനങ്ങൾക്കാവശ്യമായ കപ്പയും പഴങ്ങളും പച്ചക്കറികളും ഇവിടെത്തന്നെ ഉത്പാദിപ്പിക്കപ്പെട്ടിരുന്നു. സ്വന്തമായി വയലുകളില്ലാത്തവർ പോലും അന്യരുടെ വയലുകളിൽ വെള്ളരി കൃഷി ചെയ്ത് വിളവെടുക്കുകയെന്നത് അടുത്ത കാലം വരെ വ്യാപകമായിരുന്നു.

കൃഷിക്കാർക്ക് മൂന്നുകൊല്ലത്തേക്ക് തരിശുഭൂമികൾ കൃഷി ചെയ്യാനായി അനുവദിച്ചുകൊടുക്കാറുണ്ടായിരുന്നു. ഇങ്ങനെ സമ്മതിച്ചു വാങ്ങുന്ന ഭൂമിയിൽ കപ്പയും വാഴയുമായിരുന്നു കൂടുതലും കൃഷി ചെയ്യുക. മൂന്നു കൊല്ലം കൊണ്ട് തരിശായി കിടന്നിരുന്ന ഭൂമി തട്ടുകളായി തിരിച്ച് ഇടക്കൊള്ളുകൾ നിർമ്മിച്ച് തെങ്ങുകൃഷി ചെയ്യാവുന്ന പരുവത്തിലായി മാറും.

1950-കളിലെ കർഷക പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തോടു കൂടി വളേലായി മലയിലെ തൊള്ളായിരത്തോളം ഏക്കർ ഭൂമി ഭൂരഹിതരായ കൃഷിക്കാർ കൈവശപ്പെടുത്തി കൃഷിയാരംഭിച്ചു. ഭൂരഹിതരായ കൃഷിക്കാരിൽ ഈ സംഭവം വമ്പിച്ച ഉണർവും ആവേശവുമുണ്ടാക്കി.

ഈ ഭൂമിയിൽ വ്യാപകമായി കൃഷി ആരംഭിച്ചതോടു കൂടി കപ്പ, നേന്ത്രക്കുല തുടങ്ങിയ കാർഷികവിളകൾ അത്ഭുതപൂർവമായ തോതിൽ വർദ്ധിക്കാനിടയാക്കി. ഒരു ഘട്ടത്തിൽ ആവശ്യത്തിലുമധികമായ കപ്പ ഉത്പാദനം ഉണ്ടായപ്പോൾ ആ വർഷം വിളവെടുക്കാതെ ബോഡ കിഴങ്ങെന്ന പേരോടു കൂടി പിന്നീടുള്ള വർഷങ്ങളിൽ പറിച്ചെടുത്ത സ്ഥിതി വരെ സംജാതമായി.

വിദ്യാഭ്യാസ ചരിത്രം

ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗുരുക്കന്മാരുടെ കീഴിൽ നടത്തിവന്നിരുന്ന എഴുത്തുപള്ളികൾ മുഖേനയാണ് ആദ്യകാല വിദ്യാഭ്യാസം ഈ ഗ്രാമത്തിൽ ലഭ്യമാവാൻ തുടങ്ങിയത്. തെക്കേ മലബാറിൽ നിന്നും വന്ന ഗോപാലൻ ഗുരുക്കൾ, ചമ്പനാട് സ്വദേശിയായ പൂവാടൻ അനന്തൻ ഗുരുക്കൾ, ഗോവിന്ദൻ ഗുരുക്കൾ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ.

മാവുള്ളതിൽ കുഞ്ഞമ്പു പണിക്കർ, തൊവര വീട്ടിൽ കോരൻ ഗുരുക്കൾ, കളരിക്കൽ രാമൻ ഗുരുക്കൾ തുടങ്ങിയവർ നാട്ടുകാരായ ഗുരുക്കന്മാരായിരുന്നു. ചെക്കോറ്റ, അരയാക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഗുരുക്കന്മാർ നടത്തിവന്നിരുന്ന എഴുത്തുപള്ളികൾ പ്രവർത്തിച്ചിരുന്നു. പുറംനാട്ടുകാരായ ഗുരുക്കന്മാർ താമസിച്ചുവന്ന വീടുകളിൽ വെച്ചും വിദ്യാഭ്യാസം നൽകി വന്നിരുന്നു.

അക്ഷരമാലക്കു പുറമെ അമരകോശം, മണിപ്രവാളം, രൂപം, കാവ്യം തുടങ്ങിയവയും ഇവർ പഠിപ്പിച്ചിരുന്നു. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് മാത്രമേ ഈ സൗകര്യം തുടക്കത്തിൽ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിരുന്നുള്ളൂ. നാട്ടുകാരായ ഗുരുക്കന്മാരുടെ അംഗസംഖ്യ വർദ്ധിച്ചതോടെ താൽപരരായ മറ്റുവിഭാഗം ആളുകൾക്കും വിദ്യാഭ്യാസം ലഭിച്ചു തുടങ്ങി.

ആദ്യകാലത്തെ ഈ വിദ്യാലയങ്ങളിൽ അയിത്തം നിലനിന്നിരുന്നു. ജാതിവ്യത്യാസം അനുസരിച്ച് കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങൾ തന്നെ ഉണ്ടായിരുന്നു. സവർണ്ണരായ അധ്യാപകർ താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളെ വടി കയ്യിൽ പിടിച്ച് അടിക്കുന്നതിനുപകരം എറിഞ്ഞ് അടിക്കലായിരുന്നു പതിവ്.

സവർണ്ണരായ വിദ്യാർത്ഥികളുടെ വീടുകളിൽ അയിത്തക്കുറ്റികൾ സ്ഥാപിച്ചിരുന്നു. പള്ളിക്കൂടം വിട്ടുവന്നാൽ വസ്ത്രങ്ങൾ കുറ്റിയിൽ അഴിച്ചുവെച്ച് കുളികഴിഞ്ഞതിന് ശേഷം മാത്രമേ വീട്ടിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ.

ഗ്രാമത്തിൽ ആദ്യം നിലവിൽ വന്ന എൽ.പി. സ്കൂൾ ഇന്നത്തെ വളയം യു.പി. സ്കൂളാണ്. ചെറുമോത്ത് ഹയർ എലിമെന്ററി സ്കൂളിലായിരുന്നു ഇ.എസ്.എൽ.സി. വരെ പഠിക്കുവാനുള്ള സൗകര്യമുണ്ടായിരുന്നത്.

ഗ്രാമത്തിൽ ആദ്യമായി ഹൈസ്കൂൾ നിലവിൽ വന്നത് 1957-ൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള മന്ത്രിസഭയുടെ കാലത്താണ്. ഇതേ കാലയളവിൽ തന്നെയാണ് വളയം എൽ.പി. സ്കൂൾ യു.പി. സ്കൂളായി ഉയർത്തിയതും പൂവംവയൽ, ചാല്യാട്ടുപൊയിൽ എന്നിവിടങ്ങളിൽ എൽ.പി. സ്കൂളുകൾ നിലവിൽ വരുന്നതും. ഇതോടുകൂടി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വർദ്ധിച്ചു.

1982-ലാണ് ചുഴലിയിൽ സർക്കാർ എൽ.പി. സ്കൂൾ ആരംഭിച്ചത്. 1991-ൽ വളയം ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.

1957-ൽ സി.എച്ച്. കണാരൻ നാദാപുരം നിയോജകമണ്ഡലം എം.എൽ.എ ആയിരുന്നപ്പോൾ, ഈ ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കുളങ്ങരവീട് കടവിന് പാലവും സാർവത്രികമായി വിദ്യാഭ്യാസം ലഭിക്കാനിടയാക്കിയ വളയം ഹൈസ്കൂൾ, വളയം യു.പി. സ്കൂൾ, ചാല്യാട്ടുപൊയിൽ നാഷണൽ എൽ.പി. സ്കൂൾ, പൂവംവയൽ എൽ.പി. സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാൻ മുൻകൈയെടുത്തു.

വളയം, വാണിമൽ, ചെക്യാട് പഞ്ചായത്തുകളിലെ ആദിവാസികളടക്കമുള്ള ജനങ്ങൾക്ക് വൈദ്യശുശ്രൂഷാ രംഗത്ത് ഏക ആശ്രയമായ വളയം പ്രൈമറി ഹെൽത്ത് സെന്റർ സ്ഥാപിച്ചതും അദ്ദേഹമാണ്. അക്കാലത്ത് അലോപ്പതി ചികിത്സ ലഭിക്കണമെങ്കിൽ തലശ്ശേരി, വടകര തുടങ്ങിയ സ്ഥലങ്ങളിൽ എത്തണമായിരുന്നു.

അക്കാലത്തെ പാരമ്പര്യ വൈദ്യന്മാരിൽ പ്രമുഖർ രയരോത്ത് ഒതേനൻ വൈദ്യർ, ആലായിൽ ശങ്കരൻ വൈദ്യർ, ഓഞ്ഞേന്റവിട കൃഷ്ണൻ വൈദ്യർ, ചൂളായിൽ കുമാരൻ വൈദ്യർ എന്നിവരായിരുന്നു. അപൂർവമായി മാത്രം ഉണ്ടായിരുന്ന വൈദ്യശാലകളിലും വൈദ്യന്മാരുടെ വീടുകളിലുമായിരുന്നു ചികിത്സ. 1957-ൽ ഇവിടെ ഒരു പ്രൈമറി ഹെൽത്ത് സെന്റർ അന്നത്തെ സർക്കാർ അനുവദിച്ചു.

പ്രാദേശിക സാംസ്കാരിക വികസന ചരിത്രം

നാല്പതുകളിൽ കുറ്റിക്കാട്ടിൽ ശ്രീനാരായണഗുരു സ്മാരക വായനശാല സ്ഥാപിക്കപ്പെട്ടു. വള്ള്യാട്, ആയോട്, കണ്ടിവാതുക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ആദിവാസികളായ കുറിച്ച്യ വിഭാഗത്തിൽപ്പെട്ടവർ താമസിച്ചു വരുന്നു. അഞ്ഞൂറിൽപരം വർഷങ്ങളുടെ സംസ്കൃതിയാണ് ഇവർ അവകാശപ്പെടുന്നത്.

ഇവരുടെ പൂർവികരിൽ ചിലർ പഴശ്ശി രാജാവിന്റെ സേനാനികളായിരുന്നുവെന്ന് അവകാശപ്പെടുന്നു. അടൂർ കാവിനോടു ചേർന്ന പ്രദേശമാണ് ഇവരുടെ പൂർവികരുടെ വാസസ്ഥലം. ഈ ക്ഷേത്രത്തിൽ അകത്തൂട്ട് എന്ന പേരിൽ നരബലി നടത്തിയിരുന്നതായും പറയപ്പെടുന്നു.

വർഷം തോറും പുതിയ പുതിയ കൃഷിയിടങ്ങൾ തേടിപ്പോകുന്ന സ്വഭാവക്കാരായ ഇവരുടെ പൂർവികർ സ്ഥിരതാമസമാക്കിയ പ്രദേശമായിരിക്കണം വള്ള്യാട്, ആയോട്, കണ്ടിവാതുക്കൽ തുടങ്ങിയ പ്രദേശങ്ങൾ. പുനംകൃഷിയിൽ പ്രാവീണ്യം നേടിയിരുന്ന ഇവർ നെൽകൃഷിക്കു പുറമേ മുത്താറി, ചാമ, കുമ്പളം, കക്കിരി, വെള്ളരി തുടങ്ങിയവയും ധാരാളമായി കൃഷി ചെയ്തിരുന്നു.

പുരുഷന്മാർ നായാട്ടിലും സ്ത്രീകളും കുട്ടികളും മീൻപിടുത്തത്തിലും പ്രത്യേക പ്രാവീണ്യം നേടിയിരുന്നു. ആദ്യകാലങ്ങളിൽ ഭക്ഷണ സമ്പാദനത്തിന് മുഖ്യ ഉപാധി തന്നെയായിരുന്നു നായാട്ട്. പ്രധാനപ്പെട്ട ആയുധം അമ്പും വില്ലും ആയിരുന്നു. പിൽക്കാലത്ത് തോക്കും ഉപയോഗിച്ചുതുടങ്ങി. സമീപകാലം വരെയും അവരുടെ വിശേഷദിവസങ്ങളിൽ നായാട്ട് നിർബന്ധമായിരുന്നു. ഗോത്രത്തലവന്റെ അനുമതിയും ഇതിനുവേണമായിരുന്നു.

മാംസവും മദ്യവും ഉൾപ്പെടെ പിതൃക്കൾക്കായി നൈവേദ്യം വയ്ക്കുന്ന സമ്പ്രദായവും ഇവരുടെ ഇടയിൽ സാധാരണമായിരുന്നു. അമ്മാവൻ കാണിച്ചുകൊടുക്കുന്ന പെണ്ണിനെത്തന്നെ ചെറുക്കൻ വിവാഹം കഴിക്കണമായിരുന്നുവെങ്കിലും സ്വർണ്ണത്തിന് നിർബന്ധം ഉണ്ടായിരുന്നില്ല. എന്നാൽ വധുവിന് വെള്ളി അരഞ്ഞാണം നിർബന്ധമായിരുന്നു.

വിവാഹാനന്തരം വധൂവരന്മാർ ഒരു വർഷക്കാലം വധുവിന്റെ വീട്ടിൽ താമസിച്ച് ജോലി ചെയ്യണമായിരുന്നു. വിവാഹച്ചടങ്ങിനു പോകുമ്പോൾ വരന്റെ കയ്യിൽ അമ്പും വില്ലും ഉണ്ടാകണം. ഏതു പ്രധാന പ്രവൃത്തിയും തുടങ്ങും മുൻപേ മുത്തപ്പൻ, കുട്ടപ്പോതി, നെഗൽ എന്നിവയെ സ്മരിച്ചുകൊണ്ട് കലശം വെയ്ക്കുകയെന്ന സമ്പ്രദായവും ഉണ്ടായിരുന്നു.

സമ്പാദ്യം അടുത്ത തലമുറക്ക് കൈമാറാതെ ആരും കാണാത്ത രൂപത്തിൽ കുഴിച്ചിടുകയായിരുന്നു. രോഗശാന്തിക്കായി പച്ചമരുന്നുകൾ തന്നെ ഉപയോഗിക്കുകയും ഇതിനായി നിയോഗിക്കപ്പെട്ട ആൾ വയ്യാതാകുമ്പോൾ വിശ്വാസമുള്ള മറ്റൊരാൾക്ക് ഈ അറിവ് കൈമാറുകയായിരുന്നു പതിവ്.

അയിത്തം വളരെ കർക്കശമായി തുടർന്നുപോന്ന ഇവർ മറ്റുള്ളവരെ വീട് സ്പർശിക്കുവാൻ പോലും അനുവദിച്ചിരുന്നില്ല. കളവുപറയുന്നവരും കള്ളം ചെയ്യുന്നവരും വിരളമായിരുന്നു. മാൻപാട്ട്, നരിപ്പാട്ട്, കൂമൻപാട്ട് തുടങ്ങിയവ ആദിവാസികളുടെ മികച്ച കലാരൂപമായിരുന്നു.

ഗ്രാമത്തിലെ വീടുകൾ മുഴുവൻ ഓലമേഞ്ഞതായിരുന്നു. വെട്ടുകല്ലുകൊണ്ട് നിർമ്മിച്ച വീടുകൾ അപൂർവമായിരുന്നു. ഭൂരിപക്ഷവും ചെറ്റപ്പുരകളും കട്ടപ്പുരകളും ആയിരുന്നു. പരദേവതാ ക്ഷേത്രപരിസരത്തുണ്ടായിരുന്നതും നാല്പതുകളിൽ പൊളിച്ചുമാറ്റുകയും ചെയ്ത കൊട്ടാരമായിരുന്നു ഗ്രാമത്തിലെ ആദ്യത്തെ ഓടുമേഞ്ഞ വീട്.

മഴക്കാലമായാൽ നാല്പതുകൾ വരെ ഈ ഗ്രാമം ഒറ്റപ്പെട്ടു നിൽക്കുകയായിരുന്നു. റോഡുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. കുളങ്ങരവീട് കടവിൽ കടത്തുതോണി ഉപയോഗിച്ചായിരുന്നു അടുത്ത വാണിജ്യ കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നത്.

കൊപ്ര വിൽക്കുന്നതിനായി ചെറിയ മയ്യണ്ണൂർ, പുതിയങ്ങായി, ഓർക്കാട്ടേരി, വടകര തുടങ്ങിയ സ്ഥലങ്ങളിലേക്ക് കാവ് ചുമന്നു പോകുകയായിരുന്നു പതിവ്. അടൂർകാവ് മുതൽ കുറുങ്ങോട്ടുകുന്നുവരെയും കല്ലാച്ചി മുതൽ ചുഴലി വരെയും ചെമ്മണ്ണ് റോഡുകൾ ഉണ്ടായിരുന്നു. ക്രമേണ വേനൽക്കാലത്ത് കാളവണ്ടികൾ രംഗത്തുവന്നു.

അമ്പതോടുകൂടിയാണ് മോട്ടോർ വാഹനം ഗ്രാമത്തിലെത്തുന്നത്. 1968-ൽ ബസ് സർവീസും ആരംഭിച്ചു. 1958-ൽ കുളങ്ങരവീട് കടവിൽ പാലം അനുവദിക്കപ്പെട്ടതോടെയാണ് വളയം ഗ്രാമത്തിൽ വാഹനഗതാഗതത്തിന് വഴി തുറക്കപ്പെട്ടത്.

ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ ജില്ലയിലെ പ്രധാന പട്ടണങ്ങളുമായി ബന്ധപ്പെടുന്നത് വളയം-കല്ലാച്ചി റോഡ് വഴിയാണ്. 1958-ൽ കുളങ്ങരവീട് കടവിൽ പാലം വന്നതോടുകൂടിയാണ് വാഹനഗതാഗതം വ്യാപകമാവുന്നത്. 1968-ലാണ് ആദ്യമായി ബസ് സർവീസ് ആരംഭിക്കുന്നത്. ഇത് വടകര നിരവ് റൂട്ടിലായിരുന്നു.

വളയം ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ല | കേരളം